National
മംഗളൂരു: വാട്സാപ്പിലൂടെ വർഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ രണ്ടുപേർക്കെതിരേ മംഗളൂരു സിറ്റി പോലീസ് കേസെടുത്തു.
“മംഗളൂരു മറ്റൊരു മിനി ബംഗ്ലാദേശ് ആകുന്നതിനു മുന്‍പ് ഹിന്ദുവേ ഉണരൂ” എന്നതായിരുന്നു ഇവർ വാട്സാപ് ഗ്രൂപ്പിലിട്ട മെസേജ്.
വാട്സാപ്പിലെ ആരോപണങ്ങൾ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. രണ്ടുപേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു.
Kerala
കാസര്‍ഗോഡ്: മൂന്നു പതിറ്റാണ്ടായി വീട്ടമ്മയെ നിരന്തരം ലൈംഗികചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരേ കേസെടുത്തു.
എന്മകജെ പഞ്ചായത്ത് മെംബറും അധ്യാപകനുമായ പെര്‍ള കാട്ടുകുക്കെ സ്വദേശി എസ്. സുധാകരക്കെതിരേയാണ് (55) കാസര്‍ഗോഡ് വനിതാ പോലീസ് കേസെടുത്തത്. ഐപിസി 376 (2) (എന്‍), 506 വകുപ്പുകള്‍ പ്രകാരമാണ് നാൽപ്പത്തിയെട്ടുകാരിയായ വീട്ടമ്മയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.
അധ്യാപകന് പഠിപ്പിച്ചിരുന്ന സ്കൂളിനു സമീപം പരാതിക്കാരിയുടെ അമ്മ പച്ചക്കറിക്കട നടത്തുന്നുണ്ടായിരുന്നു. ഇവിടെ സഹായിയായി പോകുമ്പോഴാണു പരാതിക്കാരി അധ്യാപകനുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് അധ്യാപകന് വിവാഹവാഗ്ദാനം നല്കി പലവട്ടം പീഡിപ്പിച്ചതായും താന്‍ വിവാഹിതയായശേഷവും ഇതു തുടര്‍ന്നതായും പരാതിക്കാരി പറയുന്നു.
വഴങ്ങാതിരുന്നപ്പോള്‍ നഗ്നവീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കി. കൂടാതെ സ്വന്തം നഗ്നവീഡിയോ അയച്ചുകൊടുത്തു. വീട്ടമ്മ ഡിജിപിക്ക് പരാതി നല്കി ഒരാഴ്ചയ്ക്കുശേഷമാണ് കേസെടുത്തിരിക്കുന്നത്.
സുധാകരയെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ അബ്ദുള്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുധാകരയെ സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നെങ്കിലും ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
Kerala
പാലക്കാട്: പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്.
നിലവില്‍ സുരേഷ് ഒളിവിലാണെന്ന് പോലീസ് പറയുന്നു. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡന്റാണ് സുരേഷ്. പുലർച്ചെ മൂന്നരയോടെയായിരുന്നു തനിച്ച് കഴിയുന്ന വയോധികയ്ക്ക് നേരെ അപ്രതീക്ഷിത ആക്രണമുണ്ടായത്.
ആലത്തൂർ കാവശേരിയിലെ പാടൂർ പുറമ്പോക്കിൽ കൂര കെട്ടികഴിയുകയാണ് 65കാരിയായ വയോധിക. ഉറങ്ങിക്കിടക്കുമ്പോൾ കൂരപൊളിക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്. അതിക്രമത്തിനെതിരെ പ്രതിരോധിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. വയോധിക കുതറി മാറി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടി. ഇവരാണ് വയോധികയെ ആശുപത്രിയിലേക്ക് മാറ്റിയത്. വയോധികയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: റാഗിംഗിനും ക്രൂരമർദനത്തിനുമിരയായ വിദ്യാർഥി മരിച്ച സംഭവത്തിൽ അധ്യാപകനും മൂന്ന് വിദ്യാർഥികൾക്കുമെതിരെ പോലീസ് കേസെടുത്തു. ഹിമാചൽ പ്രദേശിലെ ധരംശാലയിൽ സർക്കാർ കോളജിൽ നടന്ന സംഭവത്തിൽ ഇന്നലെയാണ് പോലീസിന് പരാതി കിട്ടിയത്.
പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് അധ്യാപകനും മൂന്ന് വിദ്യാർഥികൾക്കുമെതിരെ കേസെടുത്തത്. വിദ്യാർഥികളായ ഹർഷിത, ആകൃതി, കോമോലിക, പ്രൊഫ. അശോക് കുമാർ എന്നിവരാണ് പ്രതികൾ. ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഡിസംബർ 26നാണ് 19കാരിയായ വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചത്.
മാസങ്ങളോളം വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരിക്കുന്നതിന് മുൻപ് ആശുപത്രി കിടക്കയിൽ വിദ്യാർഥി താൻ നേരിട്ട അതിക്രമത്തെക്കുറിച്ച് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലുധിയാനയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മകളുടെ ദുരവസ്ഥയിൽ മാനസികമായി തളർന്നുപോയതിനാലും ചികിത്സയ്ക്ക് പ്രാധാന്യം കൊടുത്തതിനാലുമാണ് ഇത്രയും കാലം പരാതി നൽകാതിരുന്നതെന്നാണ് അതിജീവിതയുടെ അച്ഛൻ വ്യക്തമാക്കിയത്.
Kerala
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂർ പോലീസ് കേസെടുത്തത്.
കലാപശ്രമത്തിനാണ് കേസ് എടുത്തത്. സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള കൂടിക്കാഴ്ചയിൽ അടൂർ പ്രകാശ് കൃത്യമായ മറുപടി പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു.
അടൂർ പ്രകാശ് മറുപടി പറയാത്തതിനാൽ സംഭവങ്ങളിൽ കൂടുതൽ ദുരൂഹതയേറുന്നെന്നും പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിർമിതമാണെന്നും അദ്ദേഹം പറഞ്ഞു. സ്വർണപ്പാളിയിൽ നടക്കുന്ന അന്വേഷണത്തോടൊപ്പം സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.
District News
അമ്പലപ്പുഴ: യുഡിഎഫ് സ്ഥാനാർഥിയുടെ വിജയാഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തവർക്കുനേരേ ഉണ്ടായ ആക്രമത്തിൽ എസ്ഡി പിഐ പ്രവർത്തകർക്കെതിരേ അമ്പലപ്പുഴ പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.
ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച എ.ആർ. കണ്ണന്റെ സ്വീകരണ ബൈക്ക് റാലിയിൽ പങ്കെടുത്ത എംഎസ്എഫ് പ്രവർത്തകൻ കാക്കാഴം മാവുങ്കൽ സഫ് വാൻ (20), അക്രമം തടയാനെത്തിയ കോൺഗ്രസ് പ്രവർത്തകൻ വെളിയിൽ സുനിൽ (55) എന്നിവർക്കുനേരെയാണ് കാക്കാഴത്ത് ആക്രമണമുണ്ടായത്.
ഇരുവരും പരിക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കണ്ടാലറിയുന്ന 8 പേർക്കെതിരേ കേസെടുത്തതായും ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു. പരാജയപ്പെട്ട സ്ഥലങ്ങളിൽ എസ്ഡിപിഐ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നതായി യുഡിഎഫ് നേതാക്കൾ പറഞ്ഞു.
Kerala
കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകയെ ഫോണില്‍ അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കോഴിക്കോട് ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണനെതിരെയാണ് കേസ്. എരഞ്ഞിപ്പാലം സ്വദേശിയായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്തെന്നാണ് പരാതി.
നേരത്തെ പരിചയം ഉണ്ടായിരുന്ന യുവതിയെ ഈ അടുത്ത കാലത്ത് വീണ്ടും പരിചയം പുതുക്കി ഉദ്യോഗസ്ഥന് ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു. പിന്നീട് പകലും രാത്രിയും അസമയങ്ങളിലും നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തെന്നാണ് പരാതി. അശ്ലീല സന്ദേശങ്ങളുമയച്ചു. തുടര്‍ന്ന് യുവതി നടക്കാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ ഉദ്യോഗസ്ഥനെതിരെ നേരത്തെയും സമാനപരാതികള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ല.
Kerala
പുൽപ്പള്ളി: അനുമതിയില്ലാതെ വനത്തിൽ കയറി വീഡിയോ ചിത്രീകരിച്ച യുട്യൂബർമാർക്കെതിരെ വനംവകുപ്പ് കേസെടുത്തു. വയനാട് ഉദയക്കര ഭാഗത്താണ് രാത്രിയിൽ അനുമതിയില്ലാതെ യുട്യൂബർമാർ വനത്തിൽ കയറിയത്.
കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) അടക്കം ഏഴു പേരെ പ്രതിചേർത്താണു കേസെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ അനുമതിയില്ലാതെ അഞ്ചു ബൈക്കുകളിലായി വന്യജീവികൾ നിറഞ്ഞ വനത്തിനുള്ളിലൂടെ സഞ്ചരിച്ച് വീഡിയോ ചിത്രീകരിച്ച് യാത്ര ചെയ്തത്.
പ്രതികളിൽ ഒരാളുടെ യുട്യൂബ് പേജിൽ ഇതിന്റെ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. വന്യജീവികൾക്ക് ശല്യമാവുന്ന വിധത്തിൽ റിസർവ് വനത്തിനുള്ളിൽ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകൾക്കും റീൽസ് ചിത്രീകരണത്തിനുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ അറിയിച്ചു.
Kerala
പാലക്കാട്: കോണ്‍ഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കേസ്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണ് കേസെടുത്തത്.
50-ാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാർഥി രമേശിനെയാണ് ബിജെപി സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി ഉയര്‍ന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.
ബിജെപിയുടെ നിലവിലെ കൗണ്‍സിലര്‍ ജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. ജയലക്ഷ്മിക്കൊപ്പം രമേശിന്റെ വീട്ടിലെത്തിയ ഗണേഷ് രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന മറ്റു മൂന്നു പേരെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.
രമേശ് വീട്ടിലില്ലാതിരുന്ന സമയത്താണ് ബിജെപി നേതാക്കള്‍ വീട്ടിലെത്തിയത്. തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
രമേശിന്റെയും കുടുംബാംഗങ്ങളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് പോലീസ് കേസെടുത്തത്. എന്നാല്‍ രമേശ് ആരോപണം ഉന്നയിച്ച 46-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി എം. സുനിലിന്റെ പേര് എഫ്ഐആറില്‍ ഇല്ല.
National
ബെംഗളുരു: നടുറോഡിൽ യാത്രക്കാരിയെ അപമാനിച്ച ബൈക്ക് ടാക്സി ഡ്രൈവർക്കെതിരെ വിൽസൺ ഗാർഡൻ പോലീസ് കേസെടുത്തു. ബെംഗളൂരു ചർച്ച് സ്ട്രീറ്റിൽ നിന്ന് പിജിയിലേക്ക് ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്.
നവംബർ ആറിന് നടന്ന സംഭവം യുവതി സാമൂഹിക മാധ്യമ അക്കൗണ്ട് വഴി വിവരിച്ചതോട പോലീസ് കേസെടുക്കുകയായിരുന്നു. ഉചിതമായ നടപടി ഉണ്ടാകുമെന്ന് ബൈക്ക് ടാക്സി ആപ്പായ റാപിഡോ വ്യക്തമാക്കി. സവാരിക്കെത്തിയ ഡ്രൈവർ യാത്രയ്ക്കിടെ യുവതിയുടെ കാലിൽ സ്പർശിക്കുകയായിരുന്നു. യുവതി വിലക്കിയെങ്കിലും ഡ്രൈവർ പിന്മാറിയില്ല.
സ്ഥലപരിചയം കുറവായതിനാൽ യുവതി ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടില്ല. ഇറങ്ങേണ്ട സ്ഥലത്തെത്തിയ യുവതി കരഞ്ഞതോടെ വഴിയാത്രക്കാരൻ ഇടപെട്ടതോടെ ഇയാൾ മാപ്പു ചോദിക്കുകയും തെറ്റ് ആവർത്തിക്കില്ലെന്ന് പറഞ്ഞു. എന്നാൽ യാത്ര തിരിച്ചതിന് പിന്നാലെ യുവതിക്ക് നേരെ തിരിഞ്ഞ് അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.
സംഭവം വീഡിയോ സഹിതം യുവതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെ കേസെടുത്ത ബെംഗളൂരു പോലീസ്, ബൈക്ക് ടാക്സി ഡ്രൈവർ ലോകേഷാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.